Friday, September 11, 2009

കഥകള്‍ക്കിടയിലെ കഥയില്ലായ്മ...

തിരശ്ശീലവീണു
അരങ്ങൊഴിഞ്ഞു.
ഒരു നിഴല്‍ നാടകത്തിന്‍റെ അന്ത്യം.
കഥയറിയാക്കാണികള്‍ കൈകൊട്ടിയാര്‍ത്തു.
എനിക്കൊന്നും മനസ്സിലായില്ല.
കഥയെന്തായിരുന്നു?
കാണികളിലൊരുവന്‍ "സിമ്പോളിക്കായിരുന്നു കഥ"
അത്യാധുനികം അങ്ങനെയത്രെ!!!
എന്റെ യാത്ര അണിയറയിലേക്ക്,
ചായങ്ങളഴിക്കവേ നായകന്‍ പറഞ്ഞു.
"അവനും കഥയറിയില്ലത്രേ.."എന്റേത് പൊട്ടന്റെ ആട്ടം കാണല്‍..
അവന്റെത്‌ പൊട്ടന്റെ ആട്ടം കളി.
.ഹ ..ഹഹ..ഹാ..എനിക്കവനോട് വെറും സഹതാപം.
സൂത്രധാരനറിയാം കഥ.
പക്ഷെ, അവനെന്നും ഊമയുടെ പ്രതീകം..
ഒരു സിമ്പോളിക്കൂമ..!!!
കേള്‍വിയും കാഴ്ച്ചയുമുണ്ടെന്നു ചിലരുടെ മതം.
ഞാനുമവരിലൊരുവള്‍.
കാരണം..
ഞാനുമൊരു സിമ്പോളിക്ക് വിഢ്ഡി.****

Thursday, July 16, 2009

സര്‍വ്വംസഹയാമീ സീത




വില്ലെടുത്താലാര്ക്കുമിവള്‍

സ്വന്തമെന്നജനകാജ്ഞയെ സ്വയംവരമെന്നെന്തിനു വിളിച്ചു?

വാമഭാഗ ധര്‍മ്മം പാലിപ്പാന്‍

നിന്നൊപ്പം മുള്ളുചവിട്ടിയാ

കാനനപ്പാതകളൊക്കെ താണ്ടിയോള്‍

ശപിച്ചില്ല നിന്നെയാ

അഗ്നിപരീക്ഷയും പ്രഹസനമായപ്പോഴും

രാജവീഥി തിരികെത്താണ്ടുമ്പോല്

കിട്ടിയേറ്റം മഹത്തരമായ

എന്നുദരത്തില് നിന്നൂര്‍ജമെനിക്കുതന്ന

മാതാവെന്ന സ്ഥാനവും


ഒടുവില്‍...

രാജ്യത്തിനായവരെയും ത്യജിച്ചെ-

ന്നമ്മയില്‍ ഞാനലിയുംപോഴും

കല്‍പ്പിച്ചുതന്ന സ്ഥാനങ്ങളൊക്കെ

നശ്വരമായത് കാല്‍പ്പനികതയുടെ

അനിവാര്യതെയെന്നോര്‍ത്ത്‌

മൌനമണിയുന്നു,സര്‍വ്വം സഹയാമീ

ധരണീ പുത്രിയിവള്‍ സീത


Tuesday, July 14, 2009

എന്തൊക്കെ കൊണ്ടു പോണം?

ഇനി എനിക്കൊന്നുറങ്ങണം.ഒന്നുമറിയാത്ത ,പേടി സ്വപ്‌നങ്ങള്‍ വേട്ടയാടാത്ത ശാന്തമായ ഉറക്കം.ഒരിക്കലും ഉണരാത്ത ഉറക്കം.സമയമടുത്തു വരുന്നു.നാളെ രാത്രിയാണ് ആ ശുഭ മുഹൂര്‍ത്തം.അതായത് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അതിന് മുന്പ് ചെയ്തു തീര്‍ക്കാന്‍ ഒരു പിടി കാര്യങ്ങളുണ്ട്.എല്ലാം വേഗം ചെയ്യണം.ആദ്യം തന്നെ രാമന്‍ ജ്യോല്സ്യരെ കണ്ടു ഒരു മുഹൂര്‍ത്തം കുറിച്ചു വാങ്ങണം.നാളെ രാത്രിയിലെ ഒരു നല്ല മുഹൂര്‍ത്തം.ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും എനിക്ക് ഭ്രാന്താണെന്ന്, അല്ലേ?ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല.ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കും.പക്ഷെ ഞാന്‍ മുഹൂര്‍ത്തം കുറിക്കണമെന്ന് പറഞ്ഞതു എന്തുകൊണ്ടെന്ന് വച്ചാല്‍, ജീവിതത്തിലെ ഏറ്റവും പവിത്രവും,ഒരിക്കല്‍ മാത്രം സംഭവിക്കുന്നതുമായ ഒരു കര്മ്മമാണിത്.വളരെ വിലപ്പെട്ട ഒരു നിമിഷം. അത് കൊണ്ടാണ് ഞാന്‍ മുഹൂര്‍ത്തം കുറിക്കണമെന്ന് പറഞ്ഞതു.പിന്നെ വളരെ വേണ്ടപ്പെട്ട ചുരുക്കം ചിലരെ അവസാനമായി ഒരു നോക്ക് കാണണം.ആദ്യം അച്ഛാച്ചനെയും അമ്മയെയും കാണണം.അകലെ മാറിനിന്നു അവരറിയാതെ ഒരു നോക്ക്.അവരെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കില്ല.എന്റെ കാലുകള്‍ ഇടറും ,ചുണ്ടുകള്‍ വിറക്കും,കണ്ണുകള്‍ ഞാനറിയാതെ തുളുമ്പും.വേണ്ട അവരെന്നെ കാണാതിരിക്കട്ടെ.അവര് മറ്റന്നാള്‍ എന്നെ കണ്ടോളും.അമ്മയുടെ കയ്യില്‍ നിന്നും അവസാനമായി ഒരുരുള ചോറ് വാങ്ങി കഴിക്കണമെന്നുണ്ട്. ഇപ്പോള്‍ വേണ്ട .ആ മുന്‍പില്‍ ചെന്നു ഒരിക്കല്‍ കൂടി നിന്നാല്‍ ചിലപ്പോള്‍ എന്റെ തീരുമാനങ്ങളെ എനിക്ക് മാറ്റേണ്ടി വന്നാലോ.പിന്നെ മാമനെ കാണണം.കടപ്പാടുകളുടെ വിഴുപ്പുഭാണ്ഡം അഴിച്ചു വച്ചു അതില്‍ കണ്ണീരുപ്പു വീഴ്ത്താനല്ല.ഒരിക്കല്‍ കൂടി ആ സ്നേഹം തുളുമ്പുന്ന തലോടലേറ്റു ചേര്ന്നു നില്‍ക്കാന്‍.ഒരിക്കലും എന്നെ മറക്കരുതെന്ന് പറഞ്ഞില്ലെന്കിലും ആ മനസ്സില്‍ ഞാനെന്നും മായാത്തൊരോര്‍മ്മയായിരിക്കും.ആ മനസ്സു എനിക്കറിയാവുന്നത് പോലെ വേറെ ആര്ക്കും അറിയില്ലല്ലോ.മകളുടെ അവകാശങ്ങളെല്ലാം എനിക്ക് കിട്ടിയത് അവിടെ നിന്നായിരുന്നു.കാണേണ്ടവരുടെ നിര ഇവിടെ തീരുന്നില്ല.തല്‍ക്കാലം ഇവിടെ നിര്‍ത്താം .സമയം വളരെ കുറവാണ്.മാതാ പിതാ മാതുലാ ഇത്രയുമെങ്കിലും സാധിച്ചല്ലോ.ഇനി തിരിച്ചു വന്നു കുളിച്ചു പൂമുഖത്ത് ത്രിസന്ധ്യക്ക് നില വിളക്ക് കൊളുത്തണം. തുളസിത്തറയില്‍ തിരി വക്കണം.മനസ്സില്‍ എങ്ങോ മറഞ്ഞു കിടന്ന പഴയകാലം.ഒരു പാടു നാളായി എല്ലാം മറന്നിട്ടു.തനിച്ചായപ്പോള്‍ മുതല്‍ മുടങ്ങിപ്പോയതാണ്.ഒരു ദിവസത്തേക്ക് എല്ലാം പഴയപടി നടക്കട്ടെ.ഒരു തുളസ്സിക്കതിര്‍ പൊട്ടിച്ചു മുടിയില്‍ തിരുകണം.എന്റെ നന്ദ്യാര്‍ വട്ടം അപ്പോള്‍ അസൂയയോടെ തുളസിയെ നോക്കി കൊഞ്ഞനം കാട്ടും.അവളുടെ സ്ഥാനം കവര്ന്നെടുത്തതിലുള്ള പ്രതിഷേധം.എന്നും അവള്‍ക്കായിരുന്നു എന്റെ മുടിക്കെട്ടില്‍ സ്ഥാനം.ഇന്നത്‌ വേണ്ട എന്ന് വച്ചത് മനപ്പൂര്‍വ്വമാണ്‌.ഈ ദേഷ്യത്തില്‍ നാളത്തെ അവളുടെ സങ്കടം അലിഞ്ഞുതീര്‍ന്നാല്‍ എന്റെ ഉദ്ദേശ്യം ഫലിച്ചു.പിന്നെ മുറിയില്‍ ചെന്നു എന്റെ ഉറക്കത്തില്‍ എനിക്ക് കൂട്ടിനു വേണ്ട സാധനങ്ങളൊക്കെ തയ്യാറാക്കി വക്കണം.ആദ്യം പോരാന്‍ കുണുങ്ങി നിക്കുന്നത് എന്റെ സ്വപ്നങ്ങളാണ്.പക്ഷെ അവളെ നിരാശപ്പെടുത്തുകയേ നിവൃത്തിയുള്ളൂ.അവള്‍ കൂടെയുണ്ടെന്കില്‍് എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റില്ല. ഏത് വിധേനയും അവയൊക്കെ സാക്ഷാല്‍കരിക്കണമെന്നു ചിന്തിച്ചാല്‍ എങ്ങനെ ഉറങ്ങാനാവും.ജീവിതത്തിലെ എന്റെ ഉറക്കമില്ലായ്മക്ക് പ്രധാന കാരണം ഇവളായിരുന്നു.വേണ്ട ഇവിടിരിക്കട്ടെ.കൊണ്ടു പോവുന്നില്ല. അത് പോലെ തന്നെ കുറെ ഓര്‍മ്മകള്‍.അവരെ കൊണ്ടുപോയാല്‍ പിന്നെ അവയൊക്കെ വലിയ പേടിസ്വപ്നങ്ങളായി മാറി എന്റെ ഉറക്കം കെടുത്തും.സ്വസ്തതക്ക് വേണ്ടി അവരെയും ഞാനിവിടെ ഉപേക്ഷിക്കുന്നു.ദാ.. കണ്ടില്ലേ ആ മേശയിലിരുന്നു ഒരാള്‍ എന്നെ കണ്ണടച്ച് കാട്ടുന്നു.എന്നെ എന്തായാലും കൊണ്ടു പോകും എന്ന അഹങ്കാരം ആ മുഖത്ത് തെളിഞ്ഞുകാണാം.ഇല്ല മകളെ നിന്നെയും ഞാന്‍ കൂടെ കൂട്ടുന്നില്ലാ.ആരാണെന്നല്ലേ? എന്റെ "ചമയപ്പെട്ടി".ഇനി എന്റെ മുഖത്ത് ചായങ്ങള്‍ വേണ്ട .ചായങ്ങളുടെയും ചമയങ്ങളുടെയും ലോകം എനിക്ക് മടുത്തതുകൊണ്ടാണല്ലോ ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചത്.ആ മേശയുടെ താഴെ ഒരേ വര്‍ഗ്ഗത്തില്‍ പെട്ട 3 പേരിരിക്കുന്നു.എന്റെ മെതിയടികള്‍.പല ഫാഷനിലുള്ളവ."ഞാനാണ് സുന്ദരി, എന്നെ കൊണ്ടു പോകണം എന്നെ കൊണ്ടു പോകണം " എന്ന് എല്ലാവരും മല്സരിച്ചു നില്‍പ്പാണ്. അവയുടെ ഹീല്സിന്റെ ഉയരം വച്ചു എന്റെ അഹങ്കാരം അളക്കാന്‍ എളുപ്പമാണ്.ഇനി ഞാന്‍ അഹങ്കാരമില്ലാതൊരു ലോകത്തേക്കാണ്‌ പോകുന്നത്.അവിടെ നിന്റെ ആവശ്യമില്ല എന്ന് ഞാനവരോട് ഉറക്കെ വിളിച്ചു പറയും.ഇനി നമുക്കെന്റെ അലമാര തുറക്കാം.കണ്ടില്ലേ പല വര്‍ണ്ണത്തിലുള്ള സല്വാറുകള്‍ നല്ല അച്ചടക്കത്തോടെ ഇരിക്കുന്നത്.അയ്യോ. ഈ കണ്ണുനീര്‍ മറയില്‍ അവയുടെ നിറങ്ങള്‍ എനിക്ക് വ്യക്തമാകുന്നില്ല.പണ്ടൊക്കെ ഞാന്‍ അമ്മയോട് ,എനിക്കൊരു ജോലി കിട്ടിയാല്‍ ഞാനീ അലമാര സല്വാറുകള്‍ കൊണ്ടു നിറക്കുമെന്നു പറയുമായിരുന്നു.വേണ്ട ഇതൊന്നുമെടുക്കുന്നില്ല . അച്ചന്റെ കയ്യില്‍ നിന്നും ഒരു പുത്തന്‍ കോടി കിട്ടിയ ഓര്മ്മ തന്നെ മാഞ്ഞു.നാളെ അതുടുത്ത് കൊണ്ടു പോയാല്‍ മതി.അതാ ഒരു എ . ടി . എം .കാര്‍ഡിരുന്നു എന്നെ നോക്കുന്നു.ആരെ കൊണ്ടുപോയില്ലെന്കിലും നീ എന്നെ കൊണ്ടു പോകുമെന്നെനിക്കറിയാം എന്ന ഭാവത്തില്‍.ഇല്ല മോനേ , എന്റെ ഉറക്കം കളയുന്നവരില്‍ പ്രധാനി നീയായിരുന്നു.നിന്നിലെ കാശിന്റെ വ്യതിയാനങ്ങളനുസരിച്ചു എന്റെ സമാധാനവും വ്യതിചലിക്കും. ഉറക്കം നഷ്ട്ടപ്പെടും.വേണ്ട നീയും ഇവിടിരുന്നാല്‍ മതി.ഞാന്‍ പോയാല്‍ നിനക്കു വേണ്ടി ആരെങ്കിലും കടിപിടി കൂടുമായിരിക്കും.ആ എന്തെന്കിലുമാവട്ടെ.പിന്നെ മറ്റന്നാള്‍ മുതല്‍ എനിക്കുറങ്ങാന്‍ ആറടി മണ്ണ് വേണം.ആ പനിനീര്ചെമ്പകചോട്ടില്‍.അതെന്റെ അവകാശമല്ലേ.അവസാനം കൊണ്ടു പോകാന്‍ ഒന്നുമില്ല അല്ലേ?ഇല്ലെന്നോ ഉറക്കഗുളികകള്‍ ഇല്ലെങ്കില്‍ ഞാനെങ്ങനെ ഉറങ്ങും.അതെടുക്കണം.ഉറക്കഗുളിക എന്ന് ഞാന്‍ സിംബോളിക് ആയിപ്പറഞ്ഞതാ..എന്നും എന്റെ ഉറക്കഗുളിക സ്നേഹമായിരുന്നു.എല്ലാവരോടും ഒരു പാടു ഞാനത് വാങ്ങി.എന്നെക്കൊണ്ടാവും പോലെ തിരിച്ചും കൊടുത്തു.ആര്‍ത്തിയായിരുന്നില്ല അത്യാര്‍ത്തിയായിരുന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും.ആ അത്യാര്ത്തികാരണ്മാണ് എനിക്കൊരു സ്നേഹത്തിന്റെ ഖനി തന്നെ നഷ്ട്ടമായത്.ഞാനേറ്റവും കൂടുതല്‍ ആഗ്രഹിച്ച സ്നേഹം അതായിരുന്നു.കുളിര്‍കാറ്റു പോലെ അതെന്നെ തലോടി, മഞ്ഞു തുള്ളിയെപ്പോലെ അതെനിക്കാശ്വാസം തന്നു.ആ സ്നേഹം പന്കുവക്കപ്പെടുന്നത് എനിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു... അത് നഷ്ട്ടപ്പെടുന്നത് വരെ ഞാനെന്നും ഉണര്ന്നിരിക്കാനിഷ്ട്ടപ്പെട്ടു.ഇന്നാസ്നേഹമില്ല .അതിനാലെനിക്കുറങ്ങണം.....എന്നെന്നേക്കുമായി...ഇത്രയും നാള്‍ തന്ന സ്നേഹം ഞാന്‍ കൊണ്ടു പോകുന്നു......ഇനിയൊരുണര്ന്നെണീക്കലുന്ടെങ്കില്‍ അന്ന് തിരികെത്തരാം.....

Tuesday, July 7, 2009

...തെളിനിലാവ്...3

"ഹലോ " കടലുക‍ള്‍കടന്നു അമ്മയുടെ ശബ്ദം കാതിലേക്കൊഴുകിയെത്തി.
"അമ്മെ ഞാനാ"
"നീയെത്ര ദിവസമായി ഒന്ന് വിളിച്ചിട്ട്" അമ്മയുടെ ശബ്ദം ഇടറുന്നതുപോലെ
"ഓരോ തിരക്കുകളായിരുന്നമ്മേ, വിളിക്കാന്‍ പറ്റിയില്ല (അങ്ങനെ പറയാനെ തോന്നിയുള്ളൂ.)
"എന്തുണ്ടമ്മേ അവിടെ വിശേഷം?"
"ഇവിടെ എന്ത് വിശേഷമാടാ?എല്ലാം നശിച്ചില്ലേ? എന്റെ കൃഷ്ണാ എന്റെ കുഞ്ഞിനു നീയിതു വച്ചല്ലോ?"
"എന്താമ്മേ,എന്ത് പറ്റി? എന്താ അമ്മ ഇങ്ങനൊക്കെ പറയുന്നത്?"
"എന്റെ മോനെ നിന്നോടെങ്ങനാ ഞാനത് പറയുന്നേ ?"
"അമ്മ കാര്യം പറയ്‌ ...വെറുതെ മനുഷ്യനെ വട്ടു പിടിപ്പിക്കാതെ"
"മായ , മായ ..അവളുടെ വീട്ടിലേക്കു പോയെടാ മോനെ"
"വീട്ടിലേക്കോ ?എന്തിനു?പോണെന്ന് എന്നോട് പറഞ്ഞില്ലല്ലോ?"
"അച്ഛനും ചെറിയച്ഛനും അമ്മാവനും കൂടെയാ കൊണ്ട് ചെന്നാക്കിയത്"
"അമ്മ എന്തൊക്കെയാ ഈ പറയുന്നത്?എനിക്കൊന്നും മനസ്സിലാവുന്നില്ല ..ഒന്ന് തെളിച്ചു പറ"
"ഡാ ..അവളുടെ കാലിനു വയ്യാത്തത് കുളിമുറിയില്‍ വീണത്‌ കൊണ്ടാണെന്ന് അവര് നുണ പറഞ്ഞതാ.അവള്‍ക്കു നേരത്തെ മുതല്‍ മുടന്തുള്ളതാ.അവര് നമ്മളെ പറ്റിക്കുകയായിരുന്നു"പിന്നീട് അമ്മ പറഞ്ഞതൊന്നും ഹരി കേട്ടതേയില്ല....ഫോണ്‍ വച്ചിട്ട് അടുത്തുകിടന്ന സെറ്റിയിലേക്ക് ചാഞ്ഞു കണ്ണുകളിറുക്കിയടച്ചു. എല്ലാമൊരു സ്വപ്നമായിരുന്നെന്കിലെന്നു വെറുതെ ആശിച്ചുപോയി.അവള്‍ക്കു തന്നെ ഇങ്ങനെ പറ്റിക്കാന്‍ എങ്ങനെ കഴിഞ്ഞു?കണക്കില്ലാതെ സ്നേഹിച്ചു പോയി ,തിരിച്ചും അത് പോലെ കിട്ടിയെന്നു ഇപ്പോഴും വിശ്വസിക്കുന്നു..എന്നിട്ടും മനസ്സിലാക്കാന്‍ കഴിയാതെ പോയി..അതോ അവള് തന്നോടു കാണിച്ച സ്നേഹം ഒരു മണ്ടനോട് കാണിച്ച സഹതാപമാണോ ?അറിയില്ല ..ഒന്നും അറിയില്ല..എത്ര വായിച്ചാലും അറിയാനും മനസ്സിലാക്കാനും കഴിയാത്ത ഒരു വലിയ പുസ്തകമാണ് പെണ്ണിന്റെ മനസ്സ് എന്നാരോ പറഞ്ഞു കേട്ടപ്പോള്‍ അവരെ പുച്ഛത്തോടെ നോക്കി ചിരിച്ചപ്പോള്‍ ,അറിഞ്ഞിരുന്നില്ല താനും അങ്ങനെയൊരു പുസ്തകമാണ് വായിക്കുന്നതെന്ന്.നിഗൂഡതകളെ കപട സ്നേഹത്തിന്റെയും പുന്ചിരിയുടെയും ഇടയില്‍ ഒളിപ്പിക്കാന്‍ അറിയാവുന്നവര്‍ അവരെപ്പോലെ ആരുമില്ലെന്ന സത്യം ഇപ്പോള്‍ താനും തിരിച്ചറിയുകയാണ്.എന്തായാലും അവളെ ഒന്നുകൂടി വിളിക്കണം.കുറച്ചു സംസാരിക്കണം.ഞാന്‍ ഒരു മണ്ടനാനെന്ന തിരിച്ചറിവ് എനിക്കുണ്ടാക്കിതന്നതിനു നന്ദി പറയണം.ഒരിക്കലും മറക്കില്ലെന്ന് പറയണം.എത്ര ദേവത ചമഞ്ഞാലും ഇനി ഒരുത്തിയും എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്നും, അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല,മറിച്ച്‌ നിന്നാല്‍ ഞാന്‍ സ്ത്രീ വര്‍ഗത്തെ തന്നെ വേറുത്തുപോയതുകൊണ്ടാണെന്നും പറയണം.ഒരു തവണ സത്യം തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഈ മണ്ടന്‍ നിന്നോട് ക്ഷമിക്കില്ലായിരുന്നോ എന്ന് ചോദിക്കണം..വീണ്ടും സെല്‍ ഫോണ്‍ കയ്യിലെടുത്തു ,അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു ...ബെല്ലടിക്കുന്നതല്ലാതെ പ്രതികരണമൊന്നുമില്ല. ഇല്ല അവളെടുക്കില്ല.മെസ്സേജ് ബോക്സെടുത്ത് ഒരു മെസ്സേജ് ടൈപ്പ്‌ ചെയ്തു
"നീയെന്നോട്‌ കാണിച്ച സ്നേഹത്തില്‍ അത്മാര്‍ത്ഥ്തയുടെ ഒരു കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഫോണ്‍ എടുക്കുക ."

Thursday, May 14, 2009

...തെളിനിലാവ്...2

അതോടെ ആ സംസാരം അവിടെ തീര്‍ന്നു.
വൈകിട്ട് ഒരുപാട് വൈകിയിട്ടും അവളെ മുറിയിലേക്ക് കാണാഞ്ഞപ്പോള്‍ അടുക്കളയിലേക്കു ചെന്നു.
ജോലികളെല്ലാം തീര്‍ത്തു അമ്മയും സുമിയും കയറിപ്പോയിരുന്നു.അച്ഛന്‍ പിന്നെ എന്നും നേരത്തെ തന്നെ ഉറങ്ങാന്‍ കയറും.
ഹരി ചെല്ലുമ്പോള്‍ അവിടെ തനിച്ചിരുന്നു കാലിനു ചൂട് പിടിക്കുകയായിരുന്നു മായ.അപ്പോഴാണവന്‍ ആ കാര്യം ഓര്‍ത്തത്‌.ഇത് വരെ അവളോട്‌ വേദനയുണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല.ബന്ധു വീട് സന്ദര്‍ശനവും മടക്കയാത്രയുടെ ഒരുക്കങ്ങളും എല്ലാം കൂടെയായപ്പോള്‍ ആ കാര്യം മറന്നു പോയി എന്നതാണ് സത്യം.

പാവം വേദനയും വച്ചുകൊണ്ടാവും തന്റെ കൂടെ നടന്നത്.ശ്രദ്ധിക്കാതിരുന്നത് മോശമായിപ്പോയി.

അവന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.
അടുക്കളയില്‍ എപ്പോഴും കാണാറുളള സ്ടൂള്‍ വലിച്ചിട്ടു അതില്‍ കയറിയിരുന്നു. അമ്മയുടെ ഇടക്കാല വിശ്രമ സ്ഥാനമാണ് ആ സ്ടൂള്‍ .

"വേദനയാണോ?"

"ആ കുറച്ചു വേദനയുണ്ട്,കുറെ നടന്നതല്ലേ അതാവും കൂടിയത്"

പകല് ഭാനുമാതിയപ്പചിയുടെ വീട്ടില്‍ പോയിരുന്നു.ബസ്സിറങ്ങിയാല്‍ വീണ്ടും കുറെ ദൂരം നടപ്പുണ്ട് അവരുടെ വീട്ടിലേക്കു.ഒരു ഓട്ടോറിക്ഷ പോലും പോകാത്ത വഴിയും.അത്രയും ദൂരം നടന്നാണ് അവിടെയെത്തിയത്.

"നമുക്ക് നാളെത്തന്നെ ഡോക്ടറെ കാണാം"

"ഓ ..സാരല്യാ ചേട്ടാ...ചൂട് വയ്ക്കുമ്പോ മാറിക്കൊള്ളും"
"ചേട്ടനിവിടിരിക്ക്..ഞാനിതെടുത്തു വച്ചിട്ട് ഇപ്പൊ വരാം"
അവളതൊക്കെ എടുത്തു വയ്ക്കുന്നത് വരെ ഹരി അവിടിരുന്നു.

ഹരിയുടെ സ്നേഹവും കരുതലും കൂടുതലറിയുംതോറും മായ വളരെ സന്തോഷവതിയായി.ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഇപ്പോള്‍ താനാണെന്ന് അവള്‍ക്കു തോന്നി.അച്ഛനും അമ്മയ്ക്കും സുമിയെക്കാള്‍ കാര്യമാണവളെ.സുമിയാണെങ്കില്‍ ചേച്ചീ ചേച്ചീന്ന് വിളിച്ചു പിന്നീന്ന് മാറില്ല.

"എന്നും ഒരു നല്ല ഭാര്യയും,ഈ വീട്ടിലെ നല്ല മരുമകളുമായിരിക്കും താന്‍..എന്നും ഈ ഭാഗ്യങ്ങളെല്ലാം എന്റെ കൂടെ ഉണ്ടാവണമേ.. " ഉറക്കത്തിലേക്കു വഴുതി വീഴും മുന്‍പ് അവള്‍ ഈശ്വരനോട് അപേക്ഷിച്ചു.


പിറ്റേന്ന് ഹരി ഹോസ്പിറ്റലില്‍ പോകാനായി മായയെ ഒരുപാട് നിര്‍ബന്ദ്ധിച്ചു.പക്ഷെ അവള്‍ കൂടെ ചെല്ലാന്‍ കൂട്ടാക്കിയില്ല.
"ഒന്ന് ചുമ്മായിരി ഹരിയേട്ടാ, അത് പതിയെ മാറിക്കൊള്ളും, ഈ തിരക്കിന്റെ ഇടയില്‍ ഹോസ്പിറ്റലില്‍ പോകാനൊക്കുമോ"

മറ്റന്നാള്‍ ഹരിക്ക് തിരിച്ചു പോകണം.പോരുമ്പോള്‍ അശോകേട്ടനും മറ്റുള്ളവരും കൊണ്ടുചെല്ലേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ കൊടുത്തു വിട്ടിരുന്നു.പോരെന്കില്‍ കല്യാണവും കഴിഞ്ഞാണ് ചെല്ലുന്നത്.

അച്ചാറുകള്‍,ചിപ്സ്,അവലോസ് പൊടി,അങ്ങനെ പോകുന്നു ലിസ്റ്റ്,കൂടാതെ വാങ്ങിയതും പോര.വീട്ടിലുണ്ടാക്കിയത് തന്നെ വേണം.അത് കൊണ്ട് അമ്മയ്ക്കും ,മായക്കും ,സുമിക്കും പിടിപ്പതു പണി തന്നെയുണ്ടായിരുന്നു.

***************************************************************************

പെണ്ണ് കാണാന്‍ ചെന്നപ്പോഴും അവള്‍ക്കു കാലിനു സുഖമില്ലാതിരിക്കുകയായിരുന്നു.ബാത്രൂമില്‍ വീണതാണ്.ഈ ലീവിനെന്കിലും കല്യാണം നടത്തണമെന്ന് എല്ലാവര്ക്കും വാശിയായിരുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രായം മുപ്പതോളമായി.കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആണ്‍ സന്താനവും ,ചെറുമക്കളില്‍ ഏറ്റവും മുതിര്‍ന്ന ആളും ഹരി തന്നെയാണ്.

ജോലികിട്ടി ആദ്യത്തെ ലീവിന് നാട്ടില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ പെണ്ണന്വേഷണം. മുത്തശ്ശിയാണെന്കില് "നിന്റെ കുഞ്ഞിനെ കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാന്‍ " എന്നാ ശരണവുമായി നടക്കുകയും.


ഓരോരോ കാരണങ്ങളാല്‍ ഒന്നും ശരിയാകാതെ പോയി.നമുക്കിഷ്ട്ടപ്പെട്ടാല്‍ അവര്‍ക്കെന്തെന്കിലും പ്രശ്നം കാണും,അല്ലെങ്കില്‍ തിരിച്ച് ,അതുമല്ലെന്കില്‍ ജാതക പ്രശ്നം .ഈ ലീവിനും ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് മായയെപ്പോയിക്കാണുന്നത്.എല്ലാം കൊണ്ടും ഏകദേശം ഒത്തു വന്ന ബന്ധം .

ജാതകം നോക്കി കൃഷ്ണപ്പണിക്കര്‍ പറഞ്ഞു."പതിലെട്ടു പൊരുത്തവും ഒത്തുവന്നിരിക്കുന്നു.ഇത്രയും ചേര്‍ച്ചയുള്ള ജാതകം ഇനി ഒതുകിട്ടിയെന്നു വരില്ല"
പിന്നൊന്നും ആലോചിക്കേണ്ടി വന്നില്ല.എത്രയും പെട്ടെന്ന് കല്യാണം നടത്താനുള്ള തീരുമാനമായി.പക്ഷെ അവളുടെ കാലിന്റെ കാര്യം ഒരു പ്രശ്നമായിരുന്നു.ശരിയായിട്ടു കല്യാണം നടത്താന്‍ നിന്നാല്‍ ലീവ് തീരും.അവസാനം എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി.എത്രയും പെട്ടെന്ന് കല്യാണം നടത്തണം.

കല്യാണം കഴിഞ്ഞു ഇത്രയും ദിവസമായിട്ടും ആരും അതൊട്ട്‌ ശ്രദ്ധിച്ചതുമില്ല , അവളാരോടുമോന്നും പറഞ്ഞതുമില്ല.ആരേയുമറിയിക്കാതെ വേദനയും കൊണ്ട് നടക്കുകയായിരുന്നു പാവം.

യാത്രയാക്കാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ , നിറകണ്ണുകളുമായി താന്‍ നടന്നു നീങ്ങുന്നതും നോക്കി നിന്ന അവളുടെ മുഖമാണിപ്പോഴും മനസ്സില്‍.

"ഹരി സാറിനെ ബോസ്സ് വിളിക്കുന്നു." ഞെട്ടിയുണര്‍ന്നു ബോസ്സിന്റെ ക്യാബിനിലേക്ക്‌ നടക്കുമ്പോള്‍ മനസ്സിനെ നേരെയാക്കാന്‍ പണിപ്പെടുകയായിരുന്നു."തിരികെ റൂമില്‍ ചെന്നിട്ടു ഒന്ന് കൂടി അവളെ വിളിക്കണം ,എടുക്കുന്നില്ലെന്കില്‍ വീട്ടിലെ ലാന്ഡ് ഫോണിലേക്ക് തന്നെ വിളിക്കാം"നടത്തത്തിനിടയില്‍ മനസ്സില്‍ കരുതി.

******************************************************************************************************
തിരികെ സീറ്റിലേക്ക് വന്നിരുന്നു,ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും ഇടയില്‍ വീണു കിട്ടുന്ന കുറച്ചു സമയം കൊണ്ട് ജോലികള്‍ ചെയ്തു.മനസ്സ് ശരിയല്ലാത്തതിനാല്‍ ആരോടും പതിവുപോലെ കമ്പനിയടിക്കാന്‍ പോയില്ല.യു .എസ്സ് ബേസ്ഡ് കമ്പനിയാനെന്കിലും സറ്റാഫില്‍ കൂടുതല്‍ പേരും മലയാളികളാണ്.അത് കൊണ്ട് എല്ലാവരുമായി നല്ല കമ്പനിയുമാണ്.

എത്രയും പെട്ടെന്ന് റൂമില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു മനസ്സില്‍ .സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി.നിമിഷങ്ങള്‍ യുഗങ്ങളുടെ ദൈര്‍ഘ്യവുമായ് കടന്നു പൊയ്ക്കൊണ്ടിരുന്നു ......

*************************************************
തുടരും........

Monday, May 11, 2009

...തെളിനിലാവ്...1

ഇവളെന്താ ഫോണെടുക്കാത്തത്..?
രണ്ടു ദിവസമായി വിളിക്കുന്നു.ഒരു മറുപടിയും ഇല്ല.എന്ത് പറ്റിയോ ആവോ..
രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോഴും വളരെ സന്തോഷത്തോടെയാ സംസാരിച്ചത്‌.നാളെ വിളിക്കില്ലേ എന്നും ചോദിച്ചിരുന്നു.അതുകൊണ്ട് പിണക്കമോന്നുമായിരിക്കില്ല.
പിന്നെ എന്താവും കാരണം?
ഇനി അസുഖമെന്തെന്കിലും?എയ്.. എങ്കിലും ഫോണെടുക്കുന്നതുകൊണ്‍ടെന്താ?
ഇത്രയും കോള്‍സ് കാണുമ്പോള്‍ തിരിച്ചൊരു മിസ്സ്ഡ് കോളോ,മേസേജോ തന്നാലെന്താ?
എങ്കില്‍ ഞാനിത്രയും വിഷമിക്കുമോ?
അതെങ്ങനാ അന്യ നാട്ടില്‍ വന്നു ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടുന്നവരുടെ വേദന ആര് മനസ്സിലാക്കാന്‍.എല്ലാവര്ക്കും സ്വന്തം കാര്യം മുടക്കം കൂടാതെ നടക്കണം.നമ്മളെപ്പറ്റി ഓര്‍ക്കാന്‍ അവര്‍ക്കെവിടാ സമയം.അമ്മയായാലും ഭാര്യയായാലും ഇക്കാര്യത്തില്‍ ഒരു പോലെ തന്നെ
"ഹരീ..നീ എന്തോര്‍ത്തിരിക്കുവാ?ഇറങ്ങുന്നില്ലേ?"
"ഓരോന്നോര്‍ത്തിരുന്നു സമയം പോയതറിഞ്ഞില്ല ചേട്ടാ. വാ, പോകാം ..ദാ..ഞാനിറങ്ങി "
"ഉം ..നാട്ടില്‍ പോയി വന്നതില്‍ പിന്നെ നിനക്ക് ചിന്ത അല്‍പ്പം കൂടുതലാ...എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ.ഞാനും ഈ പ്രായം കഴിഞ്ഞല്ലേ മോനെ ഇവിടെ വരെയെത്തിയത്"
അശോകേട്ടന്‍ കളിയാക്കിയതാണെന്ന് മനസ്സിലായെന്കിലും മറുപടി ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ.
വാക്കുകള്‍ക്കു ക്ഷാമം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും ചിരി വാചാലമാകുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി അശോകേട്ടനുമായി ഒരു റൂമിലാണ് താമസം(റൂമെന്നു പറഞ്ഞാല്‍ കമ്പനി വക അപ്പാര്‍ട്ടുമെന്റാണ്) .ജോലി ചെയ്യുന്നതും ഒരേ കമ്പനിയില്‍ തന്നെ.രക്ത ബന്ധങ്ങളെക്കാള്‍ വിലയുള്ള ചില ബന്ധങ്ങളുണ്ടെന്ന് മനസ്സിലായത്‌ അശോകേട്ടനിലൂടെയാണ്. ശരിക്കും സ്വന്തം ചേട്ടനെപ്പോലെ തന്നെയാണ് അശോകേട്ടന്‍.
റൂമില്‍ നിന്നും രണ്ടു മൂന്നു മിനിട്ട് നടന്നാല്‍ ഓഫീസെത്തി.മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെയൊക്കെയോ പാഞ്ഞു നടന്നതിനാല്‍ ഓഫീസിലെത്തിയത്‌ അറിഞ്ഞില്ല.ആരുടെയൊക്കെയോ "ഗുഡ് മോര്‍ണിംഗ് " വിദൂരതയില്‍ നിന്നെന്നവണ്ണം കാതില്‍ പതിക്കുന്നുണ്ടായിരുന്നു.ആരോടോക്കെയോ യാന്ത്രികമായി മറുപടി പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു.കുറച്ചു നേരം കണ്ണടച്ച് കിടന്നു മനസ്സിനെ ,പണിപ്പെട്ടു ഒരു വിധം വഴിക്ക് കൊണ്ട് വന്നു.
തലേന്ന് നല്ല തിരക്കായതിനാല്‍ കുറച്ചു വര്‍ക്കു പെന്റ്റിംങ്ങുന്ട്.അത് തീര്‍ത്തിട്ട് വേണം ഇന്നത്തേത് തുടങ്ങാന്‍.സാധാരണ ഇങ്ങനെ വരാറില്ലാത്തതാണ്.അന്നന്നുള്ള ജോലികള്‍ അന്നന്ന് തന്നെ തീര്‍ക്കുന്നതാണ് ശീലം.ചെറുപ്പത്തിലെ തന്നെ അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ സ്വഭാവം.അതിനാലാവണം എല്ലാവര്ക്കും സാധാരണ ഉണ്ടാവാറുള്ള പ്രോബ്ലെംസ് ഒന്നും തന്നെ ബാധിക്കാത്തത്.എവിടെ ആയാലും ,ജീവിതത്തില്‍ ഏത് നിലയിലായാലും മരണം വരെ ജീവിതത്തില്‍ ഉണ്ടാവണമെന്നാഗ്രഹമുള്ള ചില നിഷ്ഠകളുണ്ട്. അതില്‍ ഒരു മാറ്റവും പാടില്ല.
മനസ്സിനെ പറഞ്ഞുണര്‍ത്തി ഫയലുകളുടെ ലോകത്തേക്ക് ഊളിയിട്ടു.പക്ഷെ മനസ്സെന്നും മനസ്സ് തന്നെയാണ്.തലച്ചോറ് പറഞ്ഞു കൊടുക്കുന്ന ബുദ്ധിയെ അത് പോലെ അനുസ്സരിക്കാന്‍ അതിനെന്നും വിമുഖത തന്നെ.അത് അതിന്റെ വഴിയെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കും,കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ.
ഇവിടെയും അത് തന്നെ സംഭവിച്ചു.തുറക്കുന്ന ഫയലുകളിലെല്ലാം തെളിയുന്നത്‌ ഒരു മുഖം മാത്രം.തുളുംബിയ നീര്മിഴികളും ,വിറയ്ക്കുന്ന ചുണ്ടുകളുമായി നില്‍ക്കുന്ന അവളുടെ മുഖം.
മടക്കയാത്രക്കുള്ള ടിക്കറ്റ് കണ്‍ഫോം ആയപ്പോള്‍ മുതല്‍ ആ മിഴികള്‍ ഇങ്ങനെയാണ്.എപ്പോഴും ഒരു തിളക്കമുണ്ടാവും ആ കണ്ണുകളില്‍.അടര്‍ന്നു വീഴാന്‍ വെമ്പി നില്‍ക്കുന്ന മിഴിനീര്‍തുള്ളിയുടെ തിളക്കം.പലപ്പോഴും തന്നില്‍ നിന്നും അത് മറച്ചു പിടിക്കാന്‍ അവള്‍ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. പോരുന്നതിനു രണ്ടു ദിവസം മുന്‍പ് അവള്‍ സ്വയം കെട്ടിയുണ്ടാക്കിയ തടയണ പൊട്ടിച്ചു ആ തുള്ളികള്‍ പുറത്തേക്കു ചാലിട്ടൊഴുകി.തന്റെ മുന്‍പില്‍ വച്ച് തന്നെ..
"മായേ ..നീയിങ്ങനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യും."
"എനിക്കിതു താങ്ങാന്‍ പറ്റുന്നില്ല ചേട്ടാ."
"എനിക്ക് വിഷമമില്ലെന്നാണോ നീ കരുതുന്നത്? എന്ന് വച്ച് പോകാതിരിക്കാന്‍ പറ്റുമോ?ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ?നമ്മുടെ കാര്യം മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു.എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന മറ്റു മൂന്നു പേര് കൂടിയില്ലേ?സുമിയുടെ കല്യാണം വരെയെന്കിലും എനിക്കവിടെ പിടിച്ചു നിന്നെ പറ്റൂ."
"എനിക്ക് ...എനിക്ക്... എനിക്കതൊക്കെ അറിയാം ചേട്ടാ,എന്നാലും സഹിക്കാന്‍ പറ്റണില്യ..അത് കൊണ്ടാ ഞാന്‍..പെട്ടെന്ന് എന്നെ തനിച്ചാക്കി..........."
"പോടീ പെണ്ണേ ...നിന്നെ തനിച്ചാക്കിയാണോ?എന്റെ മനസ്സ് നിന്റെ കയ്യില്‍ തന്നിട്ടല്ലേ ഞാന്‍ പോണേ?പിന്നെ അച്ഛനും അമ്മയും നിന്നെ സുമിയെപ്പോലെ തന്നെ നോക്കിക്കൊള്ളും.നിനക്കിവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..."
" എന്നും വിളിക്കുമോ എന്നെ ?"
"നീയെന്താ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നത്?ചേട്ടന്റെ ബഡ്ജറ്റിനെ പറ്റി വല്ല വിചാരോമുണ്ടോ നിനക്ക്?" (തമാശ പോലെ പറഞ്ഞു)
അവള്‍ ഒന്നും മിണ്ടാതെ വിഷമത്തോടെ തല കുമ്പിട്ടു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"ഏയ് ...വിഷമമായോ ? രണ്ടു ദിവസം കൂടുംപോളെന്കിലും വിളിക്കാന്‍ നോക്കാം.ആഴ്ച്ചയില്‍ ഒന്നെന്കിലും ഉറപ്പായും വിളിക്കും.എന്താ പോരെ?"

{അന്നങ്ങനെഅന്നങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ..........}

തുടരും........

Saturday, April 18, 2009

""""""""""എനിക്കെന്റെ ബാല്യം തിരിച്ചുവേണം""""""""""""""""

തിരിയേ നടക്കാന്‍ മോഹമാ വഴിയേ
എന്റെ കൊലുസ്സിന്റെ കൊഞ്ചല്‍ പതിഞ്ഞൊരാ വഴിയേ
ഇന്നും കേള്‍്ക്കാമവിടെയെനിക്കെന്റെ പൊട്ടിച്ചിരികളും
കുഞ്ഞു പരിഭവങ്ങളും.
കണ്ണുനീര്ക്കൊണ്ടു കളിപ്പാട്ടത്തിനു വിലപറഞ്ഞവള്‍്
ഇന്നു കണ്ണീരാല്‍ കഴുകിയുണക്കുന്നാ ഓര്‍മ്മകളെ.
മയിലാന്ജിച്ചാറില്‍് മുക്കിയ കയ്യാല്‍
മുദ്ര കാട്ടിയ ദിനങ്ങളില്‍
ചവിട്ടി നോവിച്ച വേദികളുണ്ടവിടെ,
ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്‍ക്കാന്‍.
ഇന്നെനിക്കായ്‌ പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍,
ഞാന്‍ പെറുക്കാന്‍ ചെല്ലാഞ്ഞു പരിഭവിച്ചാവാം.
ഇന്നീ കനവിന്റെ പായില്‍ കിടന്നുറങ്ങുംമ്പോഴെന്തിനോ
തിരികേ നടക്കാന്‍ മോഹമെനിക്കാ വഴിയേ.
നഖത്താല്‍ മേക്കാത് കുത്ത്തുന്നോരേട്ടനെ കൊഞ്ഞനംകാട്ടിയോടിയ
വഴിയേ തിരിച്ചുപോകണമിന്നെനിക്കതിനായ്-
എനിക്കെന്റെ ബാല്യം തിരിച്ചുവേണം