Tuesday, July 14, 2009

എന്തൊക്കെ കൊണ്ടു പോണം?

ഇനി എനിക്കൊന്നുറങ്ങണം.ഒന്നുമറിയാത്ത ,പേടി സ്വപ്‌നങ്ങള്‍ വേട്ടയാടാത്ത ശാന്തമായ ഉറക്കം.ഒരിക്കലും ഉണരാത്ത ഉറക്കം.സമയമടുത്തു വരുന്നു.നാളെ രാത്രിയാണ് ആ ശുഭ മുഹൂര്‍ത്തം.അതായത് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അതിന് മുന്പ് ചെയ്തു തീര്‍ക്കാന്‍ ഒരു പിടി കാര്യങ്ങളുണ്ട്.എല്ലാം വേഗം ചെയ്യണം.ആദ്യം തന്നെ രാമന്‍ ജ്യോല്സ്യരെ കണ്ടു ഒരു മുഹൂര്‍ത്തം കുറിച്ചു വാങ്ങണം.നാളെ രാത്രിയിലെ ഒരു നല്ല മുഹൂര്‍ത്തം.ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും എനിക്ക് ഭ്രാന്താണെന്ന്, അല്ലേ?ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല.ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കും.പക്ഷെ ഞാന്‍ മുഹൂര്‍ത്തം കുറിക്കണമെന്ന് പറഞ്ഞതു എന്തുകൊണ്ടെന്ന് വച്ചാല്‍, ജീവിതത്തിലെ ഏറ്റവും പവിത്രവും,ഒരിക്കല്‍ മാത്രം സംഭവിക്കുന്നതുമായ ഒരു കര്മ്മമാണിത്.വളരെ വിലപ്പെട്ട ഒരു നിമിഷം. അത് കൊണ്ടാണ് ഞാന്‍ മുഹൂര്‍ത്തം കുറിക്കണമെന്ന് പറഞ്ഞതു.പിന്നെ വളരെ വേണ്ടപ്പെട്ട ചുരുക്കം ചിലരെ അവസാനമായി ഒരു നോക്ക് കാണണം.ആദ്യം അച്ഛാച്ചനെയും അമ്മയെയും കാണണം.അകലെ മാറിനിന്നു അവരറിയാതെ ഒരു നോക്ക്.അവരെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കില്ല.എന്റെ കാലുകള്‍ ഇടറും ,ചുണ്ടുകള്‍ വിറക്കും,കണ്ണുകള്‍ ഞാനറിയാതെ തുളുമ്പും.വേണ്ട അവരെന്നെ കാണാതിരിക്കട്ടെ.അവര് മറ്റന്നാള്‍ എന്നെ കണ്ടോളും.അമ്മയുടെ കയ്യില്‍ നിന്നും അവസാനമായി ഒരുരുള ചോറ് വാങ്ങി കഴിക്കണമെന്നുണ്ട്. ഇപ്പോള്‍ വേണ്ട .ആ മുന്‍പില്‍ ചെന്നു ഒരിക്കല്‍ കൂടി നിന്നാല്‍ ചിലപ്പോള്‍ എന്റെ തീരുമാനങ്ങളെ എനിക്ക് മാറ്റേണ്ടി വന്നാലോ.പിന്നെ മാമനെ കാണണം.കടപ്പാടുകളുടെ വിഴുപ്പുഭാണ്ഡം അഴിച്ചു വച്ചു അതില്‍ കണ്ണീരുപ്പു വീഴ്ത്താനല്ല.ഒരിക്കല്‍ കൂടി ആ സ്നേഹം തുളുമ്പുന്ന തലോടലേറ്റു ചേര്ന്നു നില്‍ക്കാന്‍.ഒരിക്കലും എന്നെ മറക്കരുതെന്ന് പറഞ്ഞില്ലെന്കിലും ആ മനസ്സില്‍ ഞാനെന്നും മായാത്തൊരോര്‍മ്മയായിരിക്കും.ആ മനസ്സു എനിക്കറിയാവുന്നത് പോലെ വേറെ ആര്ക്കും അറിയില്ലല്ലോ.മകളുടെ അവകാശങ്ങളെല്ലാം എനിക്ക് കിട്ടിയത് അവിടെ നിന്നായിരുന്നു.കാണേണ്ടവരുടെ നിര ഇവിടെ തീരുന്നില്ല.തല്‍ക്കാലം ഇവിടെ നിര്‍ത്താം .സമയം വളരെ കുറവാണ്.മാതാ പിതാ മാതുലാ ഇത്രയുമെങ്കിലും സാധിച്ചല്ലോ.ഇനി തിരിച്ചു വന്നു കുളിച്ചു പൂമുഖത്ത് ത്രിസന്ധ്യക്ക് നില വിളക്ക് കൊളുത്തണം. തുളസിത്തറയില്‍ തിരി വക്കണം.മനസ്സില്‍ എങ്ങോ മറഞ്ഞു കിടന്ന പഴയകാലം.ഒരു പാടു നാളായി എല്ലാം മറന്നിട്ടു.തനിച്ചായപ്പോള്‍ മുതല്‍ മുടങ്ങിപ്പോയതാണ്.ഒരു ദിവസത്തേക്ക് എല്ലാം പഴയപടി നടക്കട്ടെ.ഒരു തുളസ്സിക്കതിര്‍ പൊട്ടിച്ചു മുടിയില്‍ തിരുകണം.എന്റെ നന്ദ്യാര്‍ വട്ടം അപ്പോള്‍ അസൂയയോടെ തുളസിയെ നോക്കി കൊഞ്ഞനം കാട്ടും.അവളുടെ സ്ഥാനം കവര്ന്നെടുത്തതിലുള്ള പ്രതിഷേധം.എന്നും അവള്‍ക്കായിരുന്നു എന്റെ മുടിക്കെട്ടില്‍ സ്ഥാനം.ഇന്നത്‌ വേണ്ട എന്ന് വച്ചത് മനപ്പൂര്‍വ്വമാണ്‌.ഈ ദേഷ്യത്തില്‍ നാളത്തെ അവളുടെ സങ്കടം അലിഞ്ഞുതീര്‍ന്നാല്‍ എന്റെ ഉദ്ദേശ്യം ഫലിച്ചു.പിന്നെ മുറിയില്‍ ചെന്നു എന്റെ ഉറക്കത്തില്‍ എനിക്ക് കൂട്ടിനു വേണ്ട സാധനങ്ങളൊക്കെ തയ്യാറാക്കി വക്കണം.ആദ്യം പോരാന്‍ കുണുങ്ങി നിക്കുന്നത് എന്റെ സ്വപ്നങ്ങളാണ്.പക്ഷെ അവളെ നിരാശപ്പെടുത്തുകയേ നിവൃത്തിയുള്ളൂ.അവള്‍ കൂടെയുണ്ടെന്കില്‍് എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റില്ല. ഏത് വിധേനയും അവയൊക്കെ സാക്ഷാല്‍കരിക്കണമെന്നു ചിന്തിച്ചാല്‍ എങ്ങനെ ഉറങ്ങാനാവും.ജീവിതത്തിലെ എന്റെ ഉറക്കമില്ലായ്മക്ക് പ്രധാന കാരണം ഇവളായിരുന്നു.വേണ്ട ഇവിടിരിക്കട്ടെ.കൊണ്ടു പോവുന്നില്ല. അത് പോലെ തന്നെ കുറെ ഓര്‍മ്മകള്‍.അവരെ കൊണ്ടുപോയാല്‍ പിന്നെ അവയൊക്കെ വലിയ പേടിസ്വപ്നങ്ങളായി മാറി എന്റെ ഉറക്കം കെടുത്തും.സ്വസ്തതക്ക് വേണ്ടി അവരെയും ഞാനിവിടെ ഉപേക്ഷിക്കുന്നു.ദാ.. കണ്ടില്ലേ ആ മേശയിലിരുന്നു ഒരാള്‍ എന്നെ കണ്ണടച്ച് കാട്ടുന്നു.എന്നെ എന്തായാലും കൊണ്ടു പോകും എന്ന അഹങ്കാരം ആ മുഖത്ത് തെളിഞ്ഞുകാണാം.ഇല്ല മകളെ നിന്നെയും ഞാന്‍ കൂടെ കൂട്ടുന്നില്ലാ.ആരാണെന്നല്ലേ? എന്റെ "ചമയപ്പെട്ടി".ഇനി എന്റെ മുഖത്ത് ചായങ്ങള്‍ വേണ്ട .ചായങ്ങളുടെയും ചമയങ്ങളുടെയും ലോകം എനിക്ക് മടുത്തതുകൊണ്ടാണല്ലോ ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചത്.ആ മേശയുടെ താഴെ ഒരേ വര്‍ഗ്ഗത്തില്‍ പെട്ട 3 പേരിരിക്കുന്നു.എന്റെ മെതിയടികള്‍.പല ഫാഷനിലുള്ളവ."ഞാനാണ് സുന്ദരി, എന്നെ കൊണ്ടു പോകണം എന്നെ കൊണ്ടു പോകണം " എന്ന് എല്ലാവരും മല്സരിച്ചു നില്‍പ്പാണ്. അവയുടെ ഹീല്സിന്റെ ഉയരം വച്ചു എന്റെ അഹങ്കാരം അളക്കാന്‍ എളുപ്പമാണ്.ഇനി ഞാന്‍ അഹങ്കാരമില്ലാതൊരു ലോകത്തേക്കാണ്‌ പോകുന്നത്.അവിടെ നിന്റെ ആവശ്യമില്ല എന്ന് ഞാനവരോട് ഉറക്കെ വിളിച്ചു പറയും.ഇനി നമുക്കെന്റെ അലമാര തുറക്കാം.കണ്ടില്ലേ പല വര്‍ണ്ണത്തിലുള്ള സല്വാറുകള്‍ നല്ല അച്ചടക്കത്തോടെ ഇരിക്കുന്നത്.അയ്യോ. ഈ കണ്ണുനീര്‍ മറയില്‍ അവയുടെ നിറങ്ങള്‍ എനിക്ക് വ്യക്തമാകുന്നില്ല.പണ്ടൊക്കെ ഞാന്‍ അമ്മയോട് ,എനിക്കൊരു ജോലി കിട്ടിയാല്‍ ഞാനീ അലമാര സല്വാറുകള്‍ കൊണ്ടു നിറക്കുമെന്നു പറയുമായിരുന്നു.വേണ്ട ഇതൊന്നുമെടുക്കുന്നില്ല . അച്ചന്റെ കയ്യില്‍ നിന്നും ഒരു പുത്തന്‍ കോടി കിട്ടിയ ഓര്മ്മ തന്നെ മാഞ്ഞു.നാളെ അതുടുത്ത് കൊണ്ടു പോയാല്‍ മതി.അതാ ഒരു എ . ടി . എം .കാര്‍ഡിരുന്നു എന്നെ നോക്കുന്നു.ആരെ കൊണ്ടുപോയില്ലെന്കിലും നീ എന്നെ കൊണ്ടു പോകുമെന്നെനിക്കറിയാം എന്ന ഭാവത്തില്‍.ഇല്ല മോനേ , എന്റെ ഉറക്കം കളയുന്നവരില്‍ പ്രധാനി നീയായിരുന്നു.നിന്നിലെ കാശിന്റെ വ്യതിയാനങ്ങളനുസരിച്ചു എന്റെ സമാധാനവും വ്യതിചലിക്കും. ഉറക്കം നഷ്ട്ടപ്പെടും.വേണ്ട നീയും ഇവിടിരുന്നാല്‍ മതി.ഞാന്‍ പോയാല്‍ നിനക്കു വേണ്ടി ആരെങ്കിലും കടിപിടി കൂടുമായിരിക്കും.ആ എന്തെന്കിലുമാവട്ടെ.പിന്നെ മറ്റന്നാള്‍ മുതല്‍ എനിക്കുറങ്ങാന്‍ ആറടി മണ്ണ് വേണം.ആ പനിനീര്ചെമ്പകചോട്ടില്‍.അതെന്റെ അവകാശമല്ലേ.അവസാനം കൊണ്ടു പോകാന്‍ ഒന്നുമില്ല അല്ലേ?ഇല്ലെന്നോ ഉറക്കഗുളികകള്‍ ഇല്ലെങ്കില്‍ ഞാനെങ്ങനെ ഉറങ്ങും.അതെടുക്കണം.ഉറക്കഗുളിക എന്ന് ഞാന്‍ സിംബോളിക് ആയിപ്പറഞ്ഞതാ..എന്നും എന്റെ ഉറക്കഗുളിക സ്നേഹമായിരുന്നു.എല്ലാവരോടും ഒരു പാടു ഞാനത് വാങ്ങി.എന്നെക്കൊണ്ടാവും പോലെ തിരിച്ചും കൊടുത്തു.ആര്‍ത്തിയായിരുന്നില്ല അത്യാര്‍ത്തിയായിരുന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും.ആ അത്യാര്ത്തികാരണ്മാണ് എനിക്കൊരു സ്നേഹത്തിന്റെ ഖനി തന്നെ നഷ്ട്ടമായത്.ഞാനേറ്റവും കൂടുതല്‍ ആഗ്രഹിച്ച സ്നേഹം അതായിരുന്നു.കുളിര്‍കാറ്റു പോലെ അതെന്നെ തലോടി, മഞ്ഞു തുള്ളിയെപ്പോലെ അതെനിക്കാശ്വാസം തന്നു.ആ സ്നേഹം പന്കുവക്കപ്പെടുന്നത് എനിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു... അത് നഷ്ട്ടപ്പെടുന്നത് വരെ ഞാനെന്നും ഉണര്ന്നിരിക്കാനിഷ്ട്ടപ്പെട്ടു.ഇന്നാസ്നേഹമില്ല .അതിനാലെനിക്കുറങ്ങണം.....എന്നെന്നേക്കുമായി...ഇത്രയും നാള്‍ തന്ന സ്നേഹം ഞാന്‍ കൊണ്ടു പോകുന്നു......ഇനിയൊരുണര്ന്നെണീക്കലുന്ടെങ്കില്‍ അന്ന് തിരികെത്തരാം.....

15 comments:

 1. നന്നായിരിക്കുന്നു

  ReplyDelete
 2. sneham nishedikkapettal chintha inganaye poku

  post nannayi!

  ReplyDelete
 3. കൊള്ളാം. ദയവായി പാരഗ്രാഫ് തിരിച്ചെഴുതൂ. വായിക്കാന്‍ സൌകര്യമായിരിക്കും.

  ReplyDelete
 4. അങ്ങിനെ എല്ലാ ഉപേക്ഷിച്ച്‌ പോവാൻ നിനക്കാവുമോ... സ്നേഹിക്കുകയും സ്നേഹിക്കപ്പെടാൻ കൊതിക്കുകയും ചെയ്തത്‌ ഒരു തെറ്റാണോ...വെറുതെ... ഒന്നിനുവേണ്ടിയല്ലാതെ... നീ യാത്രക്കൊരുങ്ങുന്നു... നന്മകളൊടെ.. മനോഹരമായിരിക്കുന്നു ഈ തയ്യാറെടുപ്പുകൾ

  ReplyDelete
 5. പോസ്റ്റ്‌ നന്നായി..
  പക്ഷെ കുമാരന്‍ പറഞ്ഞത് പോലെ പാരഗ്രാഫ് തിരിക്കാമായിരുന്നു

  ReplyDelete
 6. എല്ലാ തീരുമാനിച്ച് ഉറപ്പിച്ചോ?

  ReplyDelete
 7. കൊള്ളാം കൂട്ടുകാരീ.....ഇനിയും പോരട്ടെ....ചേട്ടന്മാര്‍ പറഞ്ഞപോലെ പാരഗ്രാഫ് തിരിച്ചു എഴുതണേ....

  ReplyDelete
 8. pakshe agrahangalokke vechu, marichittum karyamilla ketto...!

  Manoharam, Ashamsakal...!!!

  ReplyDelete
 9. nalla bhavana ... ethuvachonnum cheythukalayalle .... all the best

  ReplyDelete
 10. പ്രിയപ്പെട്ട മഞ്ഞു തുള്ളീ,വളരെ നന്നായി എഴുതിയിട്ടുണ്ട്‌,എന്നാലും അപക്വ മനസ്സിന്റെ അവിവേകം തിരുത്താൻ കഴിയുന്ന ഒരുപാട്‌ സ്നേഹങ്ങൾ ബാക്കി വെചു പോകാൻ കഴിയുമോ?.......

  ReplyDelete
 11. ആശയവും അവതരണവും വളരെ നന്നായിട്ടുണ്ട്‌. പക്ഷെ കഥയ്ക്ക്‌ ഒരു പശ്ചാത്തലത്തിന്റെ അഭാവം ഉണ്ടോ എന്നൊരു സംശയം. വിമർശനം അല്ല, അഭിപ്രായം മാത്രമാണു.

  ആശംസകൾ!

  ReplyDelete
 12. ഇനി എനിക്കൊന്നുറങ്ങണം.ഒന്നുമറിയാത്ത ,പേടി സ്വപ്‌നങ്ങള്‍ വേട്ടയാടാത്ത ശാന്തമായ ഉറക്കം.ഒരിക്കലും ഉണരാത്ത ഉറക്കം....
  "തിരിച്ചു കിട്ടാത്ത സ്നേഹം വേദനയാണ്"...
  പ്രിയ മഞ്ഞുതുള്ളി ...post ഒരുപാടിഷ്ടമായി ...
  ഇനിയും എഴുതുക ...

  ReplyDelete
 13. രാമന്‍ ജ്യോത്സ്യരെ കണ്ടു ഞാന്‍ തന്നെ സമയം കുറിച്ചിട്ടുണ്ട്..നാളെ ഉച്ചയ്ക്ക് രണ്ടേ മുക്കാല്‍...അപ്പൊ പെട്ടെന്നായിക്കോട്ടെ...
  അനുഭവത്തിന്റെ ദയരിക്കുറിപ്പുകള്‍ പോലെ തോന്നി...

  ReplyDelete
 14. NISWAARTHA SNEHAM THEDI ALAYUMBOL....ORKKANAM......NAAM MANUSHYAR VERUM SAPIKKAPPETTA AHANKAARIKALENNUE..........NILANILPINUVENDIYULLA PORAATTATHIL SNEHAM NAMUKKANYAMAKUNNUE.......VARIKALIL NIZHALICHA THEEVRAMAAYA SNEHATHINUE NANNI........EZHUTHUKA.........BHAAGYAM CHEYTHAVARKKULLA AAYUDHAMAANUE PENA.........GOD BLESS YOU

  ReplyDelete